Thursday, July 27, 2006

മൌനത്തിന്റെ കരുത്ത്‌

എഴുപത്തഞ്ചുകാരനായ യുവാവിന്‌ ഇക്കൊല്ലത്തെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം. വി.എസ്‌. നയിപ്പോളി(2001)-നു ശേഷം അക്ഷരലോകത്തെ അത്യോന്നതബഹുമതിക്കര്‍ഹനാകുന്ന ആദ്യത്തെ ബ്രിട്ടീഷുകാരനാണ്‌ ഇന്നും കളിയരങ്ങുകളിലെ സജീവസാന്നിദ്ധ്യമായ ഹരൊല്‍ഡ്‌ പിന്റര്‍.

നാലുചുവരുകള്‍ക്കുള്ളിലെ കളിസ്ഥലത്തു നിന്നുകൊണ്ടു തന്നെ നാടകരചനയ്ക്കു പുതിയൊരു മാനം നല്‍കിയതിനാണ്‌ പിന്ററെ ആദരിക്കുന്നതെന്ന് നോബല്‍ പുരസ്കാരം നല്‍കുന്ന സ്വീഡിഷ്‌ അക്കാദമി അഭിപ്രായപ്പെടുന്നു. എന്നാല്‍ എഴുതിയ നാടകങ്ങളുടെ കലാമൂല്യത്തെക്കാള്‍ പല കാലഘട്ടങ്ങളിലായി പിന്റര്‍ പ്രകടിപ്പിച്ച കാമ്പുള്ള രാഷ്ട്രീയചിന്തയായിരുന്നു നോബല്‍ അദ്ദേഹത്തെ തേടി വരാനുള്ള പ്രധാനകാരണമെന്ന് ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരും വിമര്‍ശകരും ഒരുപോലെ സമ്മതിക്കുന്നു.

പല പ്രഗല്‍ഭരേയും ആദരിക്കുകയും ചിലരെ അവഗണിക്കുകയും ചെയ്ത ചരിത്രമുള്ള നോബല്‍ കമ്മിറ്റിയുടെ രാഷ്ട്രീയമെന്തായാലും സ്വന്തമായൊരു ശൈ-ലി കൊണ്ട്‌ കളിയരങ്ങിനെ പുളകമണിയിച്ച കഥയാണു 50 വര്‍ഷത്തെ പിന്റര്‍ നാടകം.കിഴക്കന്‍ ലണ്ടനിലെ ഹാക്‌നെയില്‍ 1930 ഒക്‌ടോബര്‍ 10ന്‌ ഒരു ജൂതതയ്യല്‍ക്കാരന്റെ മകനായിട്ടായിരുന്നു പിന്ററുടെ ജനനം. നിര്‍ബന്ധിതസൈനികസേവനത്തിനു പോലും പോകാന്‍ വിസമ്മതിച്ച ഒരു നിഷേധിയായിരുന്നു പിന്റര്‍.

ചെറുപ്പത്തില്‍ ഡേവി ബറോണ്‍ എന്ന പേരില്‍ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്ന പിന്ററുടെ കന്നിരചനാസാഹസം 1957-ലായിരുന്നു--ബ്രിസ്റ്റണ്‍ സര്‍വകലാശാല അവതരിപ്പിച്ച 'ദ്‌ റൂം' എന്ന നാടകത്തിലൂടെ. തുടര്‍ന്നെഴുതപ്പെട്ട 'ദ്‌ ബര്‍ത്ത്ഡേ പാര്‍ട്ടി' 'ദ്‌ ഡമ്പ്‌ വെയിറ്റര്‍' തുടങ്ങിയ നാടകങ്ങള്‍ ശില്‍പ്പപരമായ പരീക്ഷണങ്ങള്‍ കൊണ്ട്‌ സമ്പന്നമായിരുന്നെങ്കിലും 1959-ല്‍ രചിക്കപ്പെട്ട 'ദ്‌ കെയര്‍ടേക്കര്‍' എന്ന കൃതിയിലൂടെയാണു പിന്റര്‍ ശ്രദ്ധേയനാകുന്നത്‌. പിന്നീടൊരാറേഴു വര്‍ഷം പിന്ററുടെ കൈപ്പടയില്‍ എഴുതപ്പെട്ടതെല്ലാം ഇംഗ്ലണ്ടിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഇരുണ്ടജീവിതത്തിലേക്കു തുറന്നുപിടിക്കുന്ന കണ്ണാടിയായി. ഗുരുതുല്യനായിരുന്ന സാമുവല്‍ ബെക്കറ്റിന്റെ ശുഭാപ്തിവിശ്വാസത്തോടൊപ്പം പിന്ററുടെ മൊഴിവഴക്കമുള്ള ഭാഷകൂടി ചേര്‍ന്നപ്പോള്‍ അതൊരു പുതിയ നാടകഭാഷ്യമായി, അനുഭവമായി.മൌനമായിരുന്നു പിന്ററുടെ മുഖമുദ്ര. നാടകത്തിന്റെ വൈകാരിക സന്ദര്‍ഭങ്ങളിലും ഉന്മാദാവസ്ഥയിലും അര്‍ത്ഥവത്തായ അല്‍പവിരാമങ്ങളും അര്‍ദ്ധവിരാമങ്ങളും കൊണ്ട്‌ ജാലവിദ്യ സൃഷ്ടിച്ചു ഈ ബ്രിട്ടീഷുകാരന്‍. തിരശ്ശീല വീണുകഴിഞ്ഞും ശബ്ദായമാനമായ അസ്വസ്ഥതയായി ആ മൌനം ബാക്കിനിന്നു.

പ്രസ്ഥാനങ്ങളും രാഷ്ട്രീയവും ശേഷംവെച്ച മനുഷ്യജീവിതത്തിന്റെ ആകുലതകളെ പിന്റര്‍ വേദിയിലെത്തിച്ചു. അടിച്ചമര്‍ത്തലുകള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ പിന്ററുടെ കഥാപാത്രങ്ങള്‍ ശബ്ദമുയര്‍ത്തി. നാലുചുവരുകള്‍ക്കുള്ളില്‍ സങ്കീര്‍ണ്ണമായ ആകുലതകളും ഭയവിഹ്വലതകളും ജീവിതക്കളത്തില്‍ കോറിയിട്ട്‌ പിന്ററുടെ കഥാപാത്രങ്ങള്‍ സംവദിച്ചു. പ്രതീക്ഷ സ്ഫുരിക്കുന്ന നാടകാന്തരീക്ഷം കാരണം അദ്ദേഹത്തിന്റെ ശൈ ലിക്ക്‌ 'പിന്ററെസ്ക്യു' എന്നൊരു നാമധേയം തന്നെയുണ്ടായി.

1978-ല്‍ അവതരിക്കപ്പെട്ട 'ബിട്ട്രയല്‍' വീണ്ടും പിന്ററെ മുന്നോട്ടു നയിച്ചു. ജീവിത്തില്‍ പരസ്പരം രക്ഷിച്ചും ശിക്ഷിച്ചും മുന്നോട്ടും പുറകോട്ടും പോകുന്ന ദമ്പതിമാരുടെ മാനസികസംഘര്‍ഷങ്ങളുടെ രസകരമായ ആവിഷ്കാരമായിരുന്നു ആ നാടകം. 1977-ല്‍ ആദ്യഭാര്യയായ നടി വിവിയന്‍ മര്‍ച്ചന്റിനെ ഉപേക്ഷിച്ച പിന്ററുടെ ആത്മകഥാംശമുള്ള നാടകം കൂടിയായിരുന്നു അത്‌. റോമന്‍ കത്തോലിക്കക്കാരിയും ലോംഗ്‌ഫോര്‍ഡ്‌ പ്രഭുവിന്റെ മകളുമായ അന്റോണിയോ ഫ്രേസറുമായുള്ള രണ്ടാം വിവാഹം പിന്ററുടെ പല നാടകങ്ങളേയും പോലെ ചര്‍ച്ചാവിഷയമാവുകയും ചെയ്തു.
എണ്‍പതുകളില്‍ രചനയുടെ ഉച്ചസ്ഥായിയിലെത്തിയപ്പോള്‍ പിന്ററുടെ ഭാഷ കുറേക്കൂടി ലളിതമായി, അവയിലെ വിമര്‍ശനാത്മകരാഷ്ട്രീയം കുറേക്കൂടി വ്യക്തമായി. മുന്‍പ്‌ പ്രകടമായിരുന്ന ഉപദേശകവേഷം പിന്റര്‍ ഉപേക്ഷിച്ചു. എന്നാല്‍ ഈ തലമുറയ്ക്കു പിന്ററെ പരിചിതനാക്കിയത്‌ 2003-ലെ ഇറാഖ്‌ അധിനിവേശത്തിനെതിരെ പിന്റര്‍ നടത്തിയ പരാമര്‍ശങ്ങളായിരുന്നു. ബുഷ്‌-ബ്ലേയര്‍ സര്‍ക്കാരുകളെ രൂക്ഷമായ ഭാഷയില്‍ പിന്റര്‍ നിശിതമായി വിമര്‍ശിച്ചു.

"ഇറാഖ്‌ ആക്രമണത്തില്‍ അമേരിക്കയെ പിന്തുണക്കുന്ന ബ്രിട്ടന്റെ നയത്തെ ഞാനപലപിക്കുന്നു. രോഷത്തെക്കാള്‍ ലജ്ജയാണെനിക്കുള്ളത്‌, ബ്രിട്ടീഷുകാരനായിപ്പോയതിന്റെ ലജ്ജ," ബി.ബി.സി.ക്കു നല്‍കിയൊരു അഭിമുഖത്തില്‍ പിന്റര്‍ വാചാലനായി.പ്രായവും അര്‍ബുദവും ശരീരത്തെ ആക്രമിച്ചു തുടങ്ങിയിട്ടും പിന്ററുടെ തൂലിക ചലിച്ചുകൊണ്ടേയിരുന്നു. 'സെലിബ്രേഷന്‍'(1999) 'റിമംബ്രന്‍സ്‌ ഒഫ്‌ തിങ്ങ്‌സ്‌ പാസ്റ്റ്‌'(2000) എന്നീ നാടകങ്ങളും 2003-ല്‍ യുദ്ധത്തിനെതിരെ എട്ടു കവിതകളും പിന്ററെഴുതി.ഒട്ടേറെ സീരിയലുകള്‍ക്കും സിനിമകള്‍ക്കും വേണ്ടിയും പിന്റര്‍ എഴുതിയിട്ടുണ്ട്‌. 'ദ്‌ സര്‍വന്റ്‌'(1962) മുതല്‍ 'ദ്‌ ഗോ ബിറ്റ്‌വീന്‍', 'ഫ്രഞ്ച്‌ ലഫ്റ്റനന്റ്‌സ്‌ വുമണ്‍', 'ബട്ട്‌ ലെ' തുടങ്ങിയ 21 തിരക്കഥകള്‍ കൂടാതെ പിന്ററുടെ പല നാടകങ്ങളും സിനിമകളായി പുറത്തിറങ്ങിയിട്ടുണ്ട്‌. അദ്ദേഹം 27 നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്‌.

നാടകങ്ങളേക്കാള്‍ കഥകളും കവിതകളും ഇഷ്ടപ്പെടുന്ന സ്വദേശി വായനക്കാരനു പിന്റര്‍ അത്ര പരിചിതനല്ലെങ്കിലും രാഷ്ട്രീയവും നാടകമെന്ന പ്രസ്ഥാനവും കൈകോര്‍ത്തുജീവിച്ചൊരു നാട്ടില്‍ പിന്ററെന്നൊരു സഖാവിന്‌ ആരാധകരുണ്ടെങ്കില്‍ അതിലത്ഭുതപ്പെടാനില്ല.

4 Comments:

Blogger രാജ് said...

ശരിക്കും വളരെ നന്നായി എഴുതിയിരിക്കുന്ന ഒരു ലേഖനം. അഭിനന്ദനങ്ങള്‍. ഈ ലേഖനം കുറേക്കൂടി വിജ്ഞാനകൊശസ്വഭാവമുള്ളതാക്കി മാറ്റി മലയാളം വിക്കിപീഡിയയില്‍ ഇട്ടുകൂടെ? ലിങ്ക്: http://ml.wikipedia.org

4:25 PM  
Blogger ദിവാസ്വപ്നം said...

വളരെ നല്ല സംരംഭം.

ഇത് വളരെപ്പേര്‍ക്ക് ഉപകാരപ്പെടും. തീര്‍ച്ച.

10:09 PM  
Blogger Sreejith K. said...

സ്വാഗതം സഖാവേ, താങ്കളെ എന്താണ് വിളിക്കേണ്ടത്? ഇന്‍സ്റ്റിഗേറ്റൊരാ എന്നോ, കുമാരപുരം എന്നോ, സജീവ് എന്നോ?

കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സ് pinmozhikal@gmail.com എന്നാക്കിക്കോളൂ. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

12:31 AM  
Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ലാല്‍ സലാം സഖാവേ.....
പരിചയമില്ലാത്ത ഒരു വലിയ കലാകാരന്റെ ജീവിതത്തെ പരിചയപ്പെടുത്തിയതിന്‌... തുടക്കം തന്നെ ഗംഭീരാം.....

12:44 AM  

Post a Comment

<< Home