Thursday, July 27, 2006

കലികാലകലകള്‍


കോപ്പിയടി ഒരു കലയാണ്‌. കോളേജുപരീക്ഷയില്‍ കളിയായിപ്പോലും കോപ്പിയടിക്കാത്തവര്‍ക്ക്‌ അതിന്റെ ഹരം മനസ്സിലാവില്ല. സത്യം പറഞ്ഞാല്‍, പ്‌ ഇക്കുന്നതിനേക്കാളും സ്വന്തമായി രണ്ടുവരി എഴുതുന്നതിനേക്കാളും പ്രയാസമാണ്‌ പകര്‍ത്തിയെഴുത്ത്‌. പഞ്ചേന്ദ്ര് ഇയങ്ങളിലൊരെണ്ണം പിഴച്ചാല്‍ മതി സംഗതി അവതാളത്തിലാവാന്‍. കോപ്പിയടിയിലും അതിവേഗം ആഗോളവത്‌കരണം വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അതിനെ ഒന്നടങ്കം പഴിക്കുന്നത്‌ വേദനാജനകം തന്നെ!

ആദിപാപത്തിനു കാരണം പട്ടിണിയോ പരിവട്ടമോ ആയിരുന്നില്ല. ഹവ്വാമാഡത്തിന്റെ ആപ്പിള്‍ക്കൊള്ള മുതല്‍ ഹാവാര്‍ഡുകാരി കാവ്യയുടെ കള്ളക്കഥയില്‍ വരെയുള്ളത്‌ മനുഷ്യസഹജമായ ഒരു കുസൃതിത്തരത്തിന്റെ ത്രില്ലാണ്‌. സര്‍വ്വകലയും കോപ്പിയടിയാണെന്ന് പറഞ്ഞ അരിസ്റ്റോട്ടിലും ഉദ്ദേശിച്ചത്‌ അതു തന്നെയാവണം. അതിലിത്ര ബഹളമുണ്ടാക്കേണ്ട കാര്യമൊന്നുമില്ല. പക്ഷെ പാവം പത്രക്കാര്‍ക്കു ജീവിച്ചുപോകണ്ടേ!

കഥയറിയാത്തവര്‍ക്കായി അല്‌പം പുരാണം. ഇന്ത്യന്‍ വംശജയായ കാവ്യ വിശ്വനാഥന്റെ 'ഹൌ ഓപല്‍ മേത്ത ഗോട്ട്‌ കിസ്‌ഡ്‌, ഗോട്ട്‌ വൈല്‍ഡ്‌ ആന്‍ഡ്‌ ഗോട്ട്‌ അ ലൈഫ്‌' എന്ന ആദ്യനോവല്‍ ന്യുയോര്‍ക്ക്‌ റ്റൈംസിന്റെ വരെ പ്രീതി സമ്പാദിച്ച കൃതിയാണ്‌. പതിനേഴാം വയസ്സില്‍ എഴുതപ്പെട്ടതും അഞ്ചുലക്ഷം അമേരിക്കന്‍ ഡോളറിനു പ്രസിദ്ധീകരണാവകാശം വിറ്റതുമായ കാവ്യസൃഷ്ടിയുടെ ചില ഭാഗങ്ങള്‍ അമേരിക്കന്‍ നോവലിസ്റ്റ്‌ മെഗന്‍ മക്‌കാഫര്‍ട്ടിയുടെ 'സ്ലോപ്പി ഫസ്‌റ്റ്‌', 'സെക്കന്‍ഡ്‌ ഹെല്‍പ്പിംഗ്‌' എന്നീ പുസ്തകങ്ങളില്‍ നിന്നുള്ളവയുടെ തനിയാവര്‍ത്തനമാണെന്ന വിവാദത്തോടെ പുസ്തകം ആഗോളവിപണിയില്‍ നിന്നും കഴിഞ്ഞയാഴ്ച്ച പിന്‍വലിച്ചു. അതിനുമുമ്പു തന്നെ ഇന്ത്യയില്‍മാത്രം നോവലിന്റെ 15,000 പ്രതികള്‍ വിറ്റഴിഞ്ഞിരുന്നുവെന്നാണ്‌ സ്വകാര്യകണക്കുകള്‍. ആരോപണം ഗുരുതരമായതോടെ ഓപല്‍ ജീവിതം ചലച്ചിത്രമാവാനുള്ള സാദ്ധ്യതകളും കാറ്റില്‍പ്പറന്നു.

മനപ്പൂര്‍വമല്ല തന്റെ വീഴ്ചയെന്നും ആശയം സ്വന്തമാണെന്നുമുള്ള കാവ്യാലാപനം പോലും ആരും വകവെച്ചില്ല. ക്രൂരവും പൈശാചികവുമാണ്‌ ഈ ലോകം. ഹാവാഡ്‌ സര്‍വകലാശാലയിലെ കുട്ടിപ്പത്രമായ ഹാവാഡ്‌ ക്രിംസണാണ്‌ മോഷണക്കഥ പുറത്തുകൊണ്ടുവന്നത്‌. മറുനാട്ടുകാരിയുടെ അപ്രതീക്ഷിതവിജയത്തില്‍ അസൂയാലുക്കളായ ചില വിരുതന്മാരാണ്‌ അതിനു പിന്നിലെന്നും കേട്ടു. അദ്ധ്യാപകരുടെ പ്രിയശിഷ്യയും പ്രതിഭാധനയുമായ കാവ്യയോടല്‍പ്പം അനുകമ്പയാവാമെന്ന് പത്രത്തിന്റെ മുന്‍ എഡിറ്റര്‍മാര്‍ വരെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്‌. പക്ഷെ അതൊന്നും വിലപോകുന്ന ലക്ഷണം കാണുന്നില്ല. കാവ്യയുടെ അക്ഷരലോകം ഏതാണ്ട്‌ സുനാമിത്തിരകളാക്രമിച്ചുനശിപ്പിച്ച മട്ടാണ്‌. കെട്ടുപ്രായമാവാത്ത പാവം കുട്ടിയുടെ കഷ്ടപ്പാടുകള്‍ ആരു കാണാന്‍! ഒന്നുമല്ലേലും ഭാര്യയോടു നുണ പറഞ്ഞൊരു പ്രസിഡന്റിന്റെ നാടല്ലേ! കുറച്ചൊക്കെ ക്ഷമിച്ചുകൊടുക്ക്‌ സായിപ്പേ!

ഹാവാഡ്‌വിവാദം കാവ്യയുടെ കഞ്ഞികുടിമുട്ടിച്ചങ്ങനെ പുരോഗമിക്കുമ്പോള്‍ അല്‍പ്പമകലെ ലണ്ടനില്‍ മറ്റൊരു കോപ്പിയടിക്കേസ്‌ കോടതിവിജയത്തോടെ കൊടിയിറങ്ങുകയായിരുന്നു. അത്‌ പിള്ളേരുകളി ആയിരുന്നില്ലെന്നു മാത്രം.ഡാന്‍ ബ്രൌണിന്റെ 'ദ്‌ ഡാ വിഞ്ചി കോഡ്‌' എന്ന നാലരക്കോടി പ്രതികള്‍ വിറ്റഴിഞ്ഞ നോവലിലെ ചില ആശയങ്ങള്‍ 1982-ല്‍ പുറത്തുവന്ന 'ദ്‌ ഹോളി ബ്ലഡ്‌ ആന്റ്‌ ഹോളി ഗ്രെയില്‍' എന്ന കൃതിയില്‍ നിന്നാണെന്ന പരാതിയെത്തുടര്‍ന്ന് വിവാദം വളരുകയും ഒടുവില്‍ ഈ മാസാദ്യം കോടതി 'കോഡി' നനുകൂലമായി വിധിയെഴുതുകയുമുണ്ടായി. ഹാവാഡ്‌ ചിഹ്നനശാസ്ത്രജ്ഞനായ നായകന്‍ ഡാ വിഞ്ചി ചിത്രങ്ങളില്‍ ഒളിച്ചുവെയ്ക്കപ്പെട്ടിട്ടുള്ള സൂചനകളെ പിന്തുടര്‍ന്ന് ഒരു കടങ്കഥ ചുരുളഴിക്കാന്‍ ശ്രമിക്കുന്നതിന്റെ രസകരമായ ആവിഷ്കാരമാണ്‌ നോവല്‍. അതിലെ യേശുക്രിസ്തുവിനു ഭാര്യയും മക്കളുമുണ്ടായിരുന്നു എന്നു സ്ഥാപിക്കുന്ന ഭാഗങ്ങളാണ്‌ കോപ്പിയടിക്കുരുക്കില്‍പെട്ടത്‌. വിവാദം കൂടിയനുഗ്രഹിച്ചതോടെ പുസ്തകത്തിന്റെ കച്ചവടം പൊടിപൊടിച്ചു. ആരോപണമുന്നയിച്ച എഴുത്തുകാരും വിധിയെഴുത്തില്‍ സ്വന്തമായി കടങ്കഥ രചിച്ച പീറ്റര്‍ സ്മിത്തെന്ന ജഡ്‌ജിയും അതിനുത്തരം കണ്ടെത്തിയ ഡാന്‍ റ്റെഞ്ചെന്ന ലണ്ടന്‍ വക്കീലും നൊടിയിടെയ്ക്കുള്ളില്‍ പ്രശസ്തരായി. സര്‍വ്വം കോപ്പിയടിദൈവങ്ങളുടെ അനുഗ്രഹം.

മേയ്‌ പകുതിയോടെ പ്രദര്‍ശനത്തിനെത്തുന്ന നോവലിന്റെ സിനിമാരൂപവും വന്‍വിജയമാവുമെന്നാണ്‌ പ്രതീക്ഷ. അതുകൂടി കണ്ടിട്ടുവേണം ഐശ്വര്യമായി കോപ്പിയടിതുടങ്ങാനെന്നു കരുതിയിരിക്കുന്ന സംവിധായകരും നമ്മുടെ നാട്ടില്‍ കാണാനിടയുണ്ട്‌!കക്കാന്‍ പറ്റ്‌ ഇച്ചാല്‍ നില്‍ക്കാനും പറ്റ്‌ ഇക്കണമെന്നു പറയുന്നതു ശരിയാണ്‌. കാവ്യക്കൊരല്‍പ്പം ഉപദേശങ്ങള്‍ ഡാന്‍ ബ്രൌണില്‍ നിന്നും തേടാവുന്നതാണ്‌. പ്രതിഭ കൊണ്ടുമാത്രമായില്ല, ഏതൊരു കലയേയും പരിപോഷിപ്പികാന്‍ നിതാന്തമായ പരിശ്രമം കൂടിയേ തീരൂ. എല്ലാമൊരു കള്ളക്കളിയാണ്‌. ആരതു നന്നായി ചെയ്യുന്നുവെന്നതനുസരിച്ചിരിക്കും വിവാദവും വില്‍പ്പനയുമെല്ലാം.

ഈയിടെ പൊട്ടിമുളച്ച സംഭവമൊന്നുമല്ല കോപ്പിയടി. മാര്‍ട്ടിന്‍ ലൂതര്‍ കിംഗും മഹാനായ ഷേക്‌സ്പിയറും തൊട്ട്‌ മദാലസയായ മഡോണ വരെ കോപ്പിയടിയാരോപണത്തിന്റെ ഇരകളായിട്ടുണ്ട്‌. ചില സിനിമാഗാനങ്ങള്‍ മുതല്‍ ഖസാക്കെന്ന ഇതിഹാസം വരെ വിവാദത്തിന്റെ സ്വാദറിഞ്ഞവ തന്നെ. എന്നിട്ടുമെല്ലാര്‍ക്കും അതംഗീകരിക്കാനൊരു മടി. ശിവ ശിവ. നാമെന്നാ നന്നാവുന്നത്‌!

എഴുത്തുകാരുടെ പ്രശസ്തിയുടെ അളവുകോല്‍ തന്നെ പുസ്തകത്തിന്റെ കോപ്പിയുടെ, അതെ, കോപ്പിയുടെ, എണ്ണമാവുമ്പോള്‍ കോപ്പിയടി കൂടാനും സകല സാദ്ധ്യതയുമുണ്ട്‌. പ്രതിഭ വ്യാജമാണെങ്കില്‍ പ്രതികള്‍ വിറ്റഴിയുന്നതിനു മുമ്പേ പ്രതി കുടുങ്ങിയതു തന്നെ. എന്തായാലും വടക്കന്‍ അക്ഷരലോകം ഇപ്പോള്‍ ആശയക്കൊള്ള തടയാന്‍ തടവുശിക്ഷ വരെ നല്‍കാനുള്ള നിയമനിര്‍മാണപ്രക്രിയയിലാണെന്നാണ്‌ ലേറ്റസ്റ്റ്‌ വാര്‍ത്ത.

കോപ്പിയടിയെ ക്രൂശില്‍ത്തറയ്ക്കാനായി ഇന്റര്‍നെറ്റില്‍ ബ്ലോഗുകളെഴുതി നിറയ്ക്കുന്ന ഭൂരിപക്ഷവും ഹാവാര്‍ഡ്‌ ക്രിംസണ്‍ വെബ്‌സൈറ്റില്‍ നിന്നും കാവ്യ മോഷ്ടിച്ചു എന്നാരോപിച്ചിരിക്കുന്ന ഭാഗങ്ങള്‍ കൂടി തങ്ങളുടെ സൈറ്റില്‍ ചേര്‍ത്തിരിക്കുന്നു. അതും ശിക്ഷാര്‍ഹമായ ഒന്നാന്തരം കോപ്പിയടി തന്നെ.

പക്ഷെ കോപ്പിറൈറ്റ്‌ അവകാശങ്ങളെക്കുറിച്ചും പ്ലേജിയറിസം എന്ന മോഷണകലയുടെ വിവിധ രൂപഭാവങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒട്ടനവധി സൈറ്റുകളുണ്ട്‌. എങ്ങനെ മോഷ്ടിക്കാം എന്ന് ഉദാഹരണസഹിതം വിവരിക്കുന്ന സൈറ്റുകളും മോഷണമെങ്ങനെ കണ്ടെത്താം എന്നുപദേശിക്കുന്ന സൈറ്റുകളും ഇന്നു ലഭ്യം. ശാസ്ത്രം ജയിക്കുമോ മനുഷ്യന്‍ തോല്‍ക്കുമോ എന്നൊക്കെ കണ്ടുതന്നെ അറിയണം.

എങ്കിലും അധികം വൈകാതെ ഈ ഗോളാന്തരത്തിലെ സര്‍വത്ര പുസ്തകങ്ങളും ഇന്റര്‍നെറ്റില്‍ ലഭ്യമാകും. അതോടെ കോപ്പിയടി ഒരു ലളിതകലയായി മാറുമെന്നു മാത്രമല്ല, ഏതൊക്കെ പുത്തന്‍, എതു വ്യാജന്‍ എന്നു തിരിച്ചറിയുക കൂടി പ്രയാസമാവും. ഋഗ്വേദത്തിലും ബൈബിളിലും ഒരേ ശ്ലോകങ്ങളുണ്ടെന്ന് ഏതെങ്കിലും വിദ്വാന്‍ കണ്ടുപിടിക്കാനുമിടയുണ്ട്‌. പരിഭാഷാതന്ത്രങ്ങള്‍ കൂടി പ്രയോഗിച്ചാല്‍ കോപ്പിയടിയുടെ ഭാവി സുശോഭനമാണെന്നു വ്യക്തം.

കുട്ടികളേ, കോപ്പിയടി നല്ലതാണ്‌ എന്നുപദേശിക്കാന്‍ ഒരദ്ധ്യാപികയും ഇന്നോളം വളര്‍ന്നിട്ടില്ല. എന്നാല്‍ ഈ തലമുറയ്ക്കു ഇന്റര്‍നെറ്റു സംഭാവന ചെയ്യുന്ന സാദ്ധ്യതകളും വിദ്യാശ്രോതസ്സുകളും അപാരമാണ്‌. സ്വയം പാരയാവുന്ന രീതിയില്‍ കോപ്പിയടിക്കുസൃതികള്‍ മാറരുതെന്നു മാത്രം. അല്ലെങ്കില്‍ ഗൂഗിള്‍ മുതല്‍ ദ്‌ ഗാര്‍ഡിയന്‍ പത്രത്തിന്റെ വെബ്‌സൈറ്റു വരെ അരിച്ചുപെറുക്കി പടച്ചുണ്ടാക്കിയ ഈ ലേഖനം ഒരൊന്നാന്തരം 'കോപ്പി'യും ലേഖകന്‍ ഒന്നാം 'പ്രതി'യുമാവും!

5 Comments:

Blogger രാജ് said...

ഹാഹാ ലേഖകന്റെ മുന്‍‌കൂര്‍ ജാമ്യം കൊള്ളാം. ഇതും നല്ല ലേഖനം തന്നെ.

ആശംസകള്‍!

4:30 PM  
Blogger രാജ് said...

മാഷെ മലയാളം ബ്ലോഗുകളുടെ ‘സാധാരണ’ സെറ്റപ്പുകളെ കുറിച്ചു വിശദീകരിക്കുന്ന ഈ ലിങ്കു് കൂടിയൊന്നു നോക്കൂ. നന്ദി.

4:33 PM  
Blogger ദിവാസ്വപ്നം said...

ലേഖനം നന്നായിട്ടുണ്ട്.

10:07 PM  
Blogger Chaluvan said...

സുഹൃത്തുക്കളേ.. നന്ദി. പക്ഷെ ഞാനൊരു കുഴിമടിയന്‍. ഉടനെ ഇനി ബ്ലോഗില്ല. മാപ്പ്‌.

4:36 PM  
Blogger viswaprabha വിശ്വപ്രഭ said...

ഉടനെ ബ്ലോഗണമെന്നില്ല, ഒരു തമാശക്കെങ്കിലും ഈ നല്ല നല്ല പോസ്റ്റുകളും കമന്റുകളും പിന്മൊഴിയില്‍ എത്തിച്ചുകൂടേ?

വളരെ എളുപ്പമാണ്. 5 മിനുറ്റിന്റെ ജോലിയേ ഉള്ളൂ.
ഒന്നു നോക്കരുതോ?

പ്ലീസ്!

7:58 PM  

Post a Comment

<< Home